ഉപദേശിമാർ  ട്രാൻസ് എന്ന സിനിമയെ  പേടിക്കുന്നത് എന്തിനു ?

ഉപദേശിമാർ ട്രാൻസ് എന്ന സിനിമയെ പേടിക്കുന്നത് എന്തിനു ?

അടുത്ത കാലത്തു വളരെ ചർച്ച വിഷമായ ഒരു സിനിമയാണ് ട്രാൻസ് , കാരണം അതിന്റെ വിഷയം മതത്തിനെ തൊടുന്നു എന്നതാണ് , സ്വന്തം അമ്മേയെയോ അപ്പനെയോ പറഞ്ഞാൽ നമ്മൾ മലയാളികൾ ക്ഷമിച്ചെന്നു വരും (അമ്മയെ അടിച്ചാലും രണ്ടഭ്പ്രായം എന്നാണല്ലോ ) പക്ഷെ മതത്തിനെ തൊട്ടു കളിച്ചാൽ വിവരം അറിയും എന്ന ലൈൻ ആണ് നമുക്ക് .

മുസ്ലിം വിശ്വാസത്തെയോ ഹിന്ദു വിശ്വാസത്തെയോ തൊട്ടാൽ അവർ ഉടനെ ശക്തമായി തന്നെ പ്രതികരിക്കാറുണ്ട് , പക്ഷെ യേശുവിനെ പറഞ്ഞാൽ ക്രിസ്ത്യാനികൾ ഒരു കരണത്ത് അടി കിട്ടിയാൽ മറു കരണം കാണിക്കണം എന്ന രീതിയിൽ ഒതുങ്ങുകയും (യേശുവിനെ നോക്കാൻ യേശുവിനു അറിയാം എന്നാണോ , അതോ ക്രിസ്ത്യാനികൾ സമാധാന പ്രിയരാണ് എന്ന് തോന്നിയിട്ടാണോ എന്തോ ), പക്ഷെ അതെ ക്രിസ്ത്യാനികൾ ഏതെങ്കിലും പാതിരിയേയോ പാസ്റ്ററിനെയോ തൊട്ടാൽ കൂടോടെ ഇളകി ബഹളം ഉണ്ടാക്കുകയും ചെയ്യാറുണ്ട് .
എന്ത് കൊണ്ട് ക്രിസ്ത്യാനികൾ യേശുവിനെ പറഞ്ഞപ്പോൾ പ്രതികരിച്ചില്ല എന്നുള്ളതല്ല ചോദ്യം , എന്ത് കൊണ്ട് പാതിരിയേയും പാസ്റ്ററിനെയും ചോദ്യം ചെയ്യുമ്പോൾ സമാധാനം പോകുന്നു എന്നതാണ് ചോദ്യം .

രാഷ്ട്രീയം ആയാലും മതം ആയാലും വിമർശിക്കപ്പെടുന്നത് നല്ലതാണ് , അത് കൂടുതൽ ശരിയിലേക്കു പോകാൻ നിർബന്ധിതനാക്കും .

imagesഇനി ട്രാൻസ് എന്ന സിനിമയിലേക്ക് വരാം, ഒരു മോട്ടിവേഷണൽ ട്രെയിനർ ഒരു മതം ബിസിനസ് ആക്കിയ ഗ്രൂപ്പിന്റെ പിടിയിൽ ആവുകയും അവർ അയാളെ ട്രെയിൻ ചെയ്തു ഒരു പാസ്റ്റർ ആക്കി മാറ്റുന്നു (ഒരു പാസ്റ്റർ ആയി മാറിയിട്ടും അയാൾ ഒരു ക്രിസ്ത്യാനിയോ ദൈവ വിശ്വാസിയോ അല്ല) അയാൾക്ക്‌ നേരത്തെ അറിയാമായിരുന്ന മോട്ടിവേഷണൽ സംസാരത്തിന്റെ കൂടെ ബൈബിൾ വാക്യങ്ങൾ ചേർക്കുകയാണ് ചെയ്തത് , കൂടാതെ വ്യാജ അത്ഭുത പ്രവർത്തികളും ചെയ്യുന്നു ,ലോകം മുഴുവൻ സഞ്ചരിക്കുന്നു , ദശാംശവും വഴിപാടുകളും ഒക്കെ വാങ്ങി വലിയ പണക്കാരൻ ആകുന്നു , ഹോസ്പിറ്റൽ , സ്കൂൾ , കാറുകൾ അങ്ങനെ സമ്പാദ്യങ്ങൾ എല്ലാം കൂടുന്നു ,

പാസ്റ്ററും ബിസിനസ് ഗ്രുപ്പും തമ്മിൽ ഇടയുന്ന സമയത്തു പാസ്റ്റർ താനൊരു വ്യാജൻ ആണെന്നും തന്റെ പിന്നിൽ ഒരു അധോലോക ബിസിനസ് ഗ്രൂപ്പ് ഉണ്ടെന്നും വെളിപ്പെടുത്തുന്നതാണ് കഥയുടെ സാരം .

ഇതിൽ യേശുവിനെയോ പരിശുദ്ധാത്മാവിനെയോ ക്രിസ്ത്യാനിറ്റിയെയോ മോശമായി പരാമർശിച്ചിട്ടില്ല , പിന്നെയോ ഒരു കൂട്ടം ആളുകളെ ദൈവികമാണെന്ന് പറഞ്ഞു പറ്റിച്ചു സമ്പത്തു ഉണ്ടാക്കി ജീവിക്കുന്ന മത നേതാക്കന്മാരുടെ പ്രധിനിധി മാത്രമാണ് ഈ സിനിമയിലെ പാസ്റ്ററും അയാളുടെ പിന്നിലുള്ള മാഫിയയും . ഇങ്ങനെ ഒരാൾക്ക് ഏതു മതത്തിന്റെ മറവിലും ആളുകളെ പറ്റിക്കാൻ പറ്റും .

hqdefaultചില വിവരക്കേടുകൾ പറഞ്ഞു പ്രശസ്തി നേടിയ ഉപദേശി “ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് ” എന്ന അവകാശ വാദവുമായി വന്നിട്ടുണ്ട്. കള്ളന്റെ തലയിൽ തൂവൽ ഉണ്ടെന്നു പറഞ്ഞപ്പോൾ തപ്പി നോക്കിയത് പോലെയാണിത് , മാത്രമല്ല പുള്ളി വീഡിയോയിലൂടെ അനുഗ്രഹവും പ്രാർഥനയും കാശു പിരിക്കലും മാത്രമല്ല live ആയി  ശാപവും നൽകും.

കൊറോണ വന്നു തിയറ്റർ അടച്ചപ്പോൾ അത് തന്റെ ശാപം കൊണ്ടാണ് എന്ന് പറഞ്ഞ പാസ്റ്റർ അറിഞ്ഞില്ല അടുത്തത് പള്ളിയും അമ്പലവും എല്ലാം അടയും എന്ന് . പണ്ട് മുതലേ ആളുകളെ പേടിപ്പിച്ചു അവരുടെ കീഴിൽ നിർത്തിയിരിക്കുന്നത് ശാപവും പ്രവചനവും ഉപയോഗിച്ചാണ് .അത് തന്നെ ഇവിടെയും പ്രയോഗിച്ചു എന്നെ ഉള്ളു .

ഈ സിനിമയെ വിമർശിച്ച പലരും പറയുന്നത് ക്രിസ്ത്യാനി ഒന്നും തിരിച്ചു പറയാത്തത് കൊണ്ടാണ് അവരെ വിമർശിച്ചത് , മറ്റുള്ളവരെ വിമർശിക്കാൻ സിനിമ ലോകത്തിനു ഭയമാണ് എന്ന് . പക്ഷെ മുസ്ലിം തീവ്രവാദിയെയും , കള്ള സ്വാമിമാരെയും കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമകളും നമ്മൾ കണ്ടിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത വിഷമം ഇന്ന് കാണിക്കാമോ ?കള്ള പ്രവാചകന്മന്മാരും കള്ള സ്വാമിമാരും മാത്രം പേടിച്ചാൽ പോരെ . ഇവിടെ ഏത് മതം എന്നുള്ളത് അല്ല പ്രശ്നം, എല്ലാ മതവിഭാഗങ്ങളിലും കള്ള നാണയങ്ങൾ ഉണ്ട് , അവരെ expose ചെയ്യുക എന്നതു മീഡിയയുടെ കടമയാണ് . PK എന്ന ഹിന്ദി സിനിമ എല്ലാ മതങ്ങളെയും വിമർശിക്കുന്നുണ്ട്.

ഇനി ബൈബിൾ ഇതിനെ എങ്ങനെ കാണുന്നു എന്ന് നോക്കാം

സംഖ്യാപുസ്തകം – അദ്ധ്യായം 22

മോവാബ് രാജാവായ ബാലാക്ക് പ്രവാചകനായ ബിലെയാമിനെ ഈസ്രായേലിനെ ശപിക്കാനായി വിളിച്ചു വരുത്തി , പോകരുത് എന്ന് ദൈവം വിലക്കിയെങ്കിലും പണം മോഹിച്ചു ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു. അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.

29 ബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
30 കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു.
31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു:
32 ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.
33 കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.

തനിക്കെതിരെ ആരെങ്കിലും മിണ്ടിയാൽ അവരെ ശപിക്കുകയും ഭയപ്പെടുത്താൻ ശ്രെമിക്കുകയും ചെയ്യുന്ന ഉപദേശിമാർ ബിലെയാം കഴുതയെ അടിച്ചത് പോലെയാണ് പ്രതികരിക്കുന്നത് . കഴുതയാണെങ്കിലും പറയുന്നത് കാര്യമാണെങ്കിൽ കേൾക്കുക തന്നെ വേണം , അല്ലെങ്കിൽ ഫഹദ് ഫാസിലിൻറെ കഥാപാത്രം പറയുന്നത് പോലെ “പണി വരുന്നുണ്ട് അവറാച്ചാ”  എന്ന് പറയാനേ നിർവാഹമുള്ളൂ .

Matthew 7:15 – കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.

 

1 thoughts on “ഉപദേശിമാർ ട്രാൻസ് എന്ന സിനിമയെ പേടിക്കുന്നത് എന്തിനു ?

മറുപടി